ടെൽഅവീവ്: ഗാസ വെടിനിർത്തലിന്റെ ഭാഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചു. രണ്ട് വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിന് ശേഷമാണ് ഹമാസിന്റെ തടവറയിൽ നിന്നും ഇസ്രയേലികൾ മോചിതരായത്.
മോചിതരായ ഇസ്രയേലികളുടെ ചിത്രങ്ങൾ ഇസ്രേയൽ സേന പുറത്തുവിട്ടിട്ടുണ്ട്. രണ്ട്, മൂന്ന് സംഘങ്ങളായാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളെ മോചിപ്പിച്ചതായി ഔദ്യോഗിക വിവരം ലഭിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങൾ ആഹ്ലാദപ്രകടനവുമായി റോഡിലിറങ്ങി. അതേസയമം, ഇസ്രയേൽ പിടികൂടിയ നൂറുകണക്കിന് തടവുകാരുടെ മോചനവും ഉടൻ ഉണ്ടായിരിക്കുമെന്നാണ് വിവരം.
ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും ചേർന്ന് സ്വീകരിച്ചു. ഈജ്പ്തിൽ നടക്കുന്ന ഗാസ ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. ഉച്ചകോടിയിൽ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ട്രംപും ഈജിപ്തിലെ അബ്ദുൽ ഫത്താഹ് അൽ-സിസിയും ചേർന്നാണ് ഗാസ ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ചത്. ഗാസ വെടിനിർത്തലും, ബന്ദികളുടെ മോചനവും ആഘോഷിക്കുന്നതിനായി 20-ലധികം നേതാക്കൾ ഒത്തുകൂടും.















