കൊച്ചി: സ്കൂൾ പ്രവേശന സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നുവെന്ന് സെൻറ് റീത്താസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാല് മാസം മുൻപാണ് സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂളിന്റെ നിയമപ്രകാരം നിശ്ചിത യൂണിഫോമുണ്ട്. യൂണിഫോമിറ്റി നിലനിർത്തുക എന്നത് മാനേജ്മെന്റിന്റെ പൊതുവായ തീരുമാനമാണ്. 30 വർഷായി കുട്ടികളും രക്ഷിതാക്കളും ഇത് അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രവേശന സമയത്ത് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതുവരെ യാതൊരു കംപ്ലന്റും ആരും പറഞ്ഞിട്ടില്ല.
സ്കൂളിന്റെ നിയമം അനുശാസിക്കുന്ന യൂണിഫോം ധരിച്ചാണ് നാല് മാസവും കുട്ടി വന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കുട്ടി ഹിജാബ് ഇട്ട് വന്നപ്പോൾ പാരന്റ്സിനെ വിളിച്ചു. അന്ന് ഒന്നര മണിക്കൂറിന് ശേഷം വിളിക്കാം എന്നാണ് പാരന്റ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. അടുത്ത ദിവസും കുട്ടി ലീവ് ആയിരുന്നു. പിന്നീട് കുട്ടി വന്നത് ഹിജാബ് ധരിച്ചായിരുന്നു. തുടർന്ന് പാരന്റ്സിനെ വിളിപ്പിച്ചു. സ്കൂളിന്റെ നിയമം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാരന്റ് പറയുന്നത്. അതിന് ശേഷമാണ് മറ്റുള്ളവർ എത്തുന്നത്. ഇതോടെ സ്കൂളിന്റെ പഠനത്തെ ബാധിക്കുന്ന തരത്തിലായി സ്ഥിതി. കുട്ടികൾക്കും അദ്ധ്യാപകർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിമൂലം സ്കൂൾ അടച്ചിരുന്നു. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയാണ് സ്കൂളിൽ എത്തി ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിന്റെ പ്രതികരണം















