ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവാക്രമണ ഭീഷണിയെ ഇന്ത്യ ഒരിക്കലും വകവച്ചിട്ടില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ആണവശേഷിയെ കുറിച്ചുള്ള അവരുടെ ധാരണകൾ തെറ്റാണെന്ന് തെളിയിച്ചുവെന്നും ഓപ്പറേഷൻ സിന്ദൂറിലെ ആഘാതം അവർ തിരിച്ചറിഞ്ഞെന്നും അനിൽ ചൗഹാൻ പറഞ്ഞു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കായികം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഞങ്ങൾ അവരെ മറികടന്നു. സായുധസേന ഒറ്റയ്‌ക്കല്ല യുദ്ധത്തെ നേരിടുന്നത്. മുഴുവൻ രാഷ്‌ട്രവും ചേർന്നാണ് പോരാടുന്നത്. രാഷ്‌ട്രീയ നേതാക്കൾക്കും നയതന്ത്രജ്ഞർക്കും സൈനികർക്കും അതിൽ നിർണായക പങ്കുണ്ട്.
സായുധസേനയ്‌ക്ക് ഇനിയും നിരവധി വെല്ലുവിളികൾ നേരിടാനുണ്ട്. നേതാക്കൾക്കും സൈനികർക്കും നയതന്ത്രജ്ഞർക്കും അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് അറിയാം. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ കൃത്യമായി ലക്ഷ്യം വച്ചു.
രാജ്യത്ത് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാന്താപേഷിതമാണ്. രാജ്യത്തെ 140 കോടി ജനങ്ങൾ ഒരുമിച്ചുനിൽക്കണമെന്നും അനിൽ ചൗഹാൻ പറഞ്ഞു.















