തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എഞ്ചിനിയറായ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ സർവീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. സ്വർണക്കൊള്ള നടന്ന 2019-ൽ ദ്വാരകപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം അഴിച്ചെടുത്ത സമയത്ത് സുനിൽ കുമാർ അവിടെയുണ്ടായിരുന്നു.
ശ്രീകോവിലിൽ ഉണ്ടായിരുന്നത് സ്വർണപ്പാളിയായിരുന്നുവെന്ന് സുനിൽ കുമാറിന് അറിയാമായിരുന്നെന്നാണ് റിപ്പോർട്ട്. പ്രതിപ്പട്ടികയിലുള്ള മറ്റൊരു ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
വിജയ് മല്യ നൽകിയ സ്വർണം ചെമ്പാണെന്ന് ബി മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു. 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ഇയാൾ. കേസ് അന്വേഷിക്കുന്ന സംഘം ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തി. ദേവസ്വം വിജിലൻസ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും മൊഴി രേഖപ്പെടുത്തും.















