കൊൽക്കത്ത: ദുർഗാപൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി നേരിട്ടത് ക്രൂരപീഡനം. ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ യുവതി പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ആക്രമണത്തെ കുറിച്ച് വിദ്യാർത്ഥിനി വിശദീകരിച്ചു. ഭക്ഷണം കഴിക്കാനാണ് യുവതിയും സുഹൃത്തും കോളേജിന് പുറത്തെത്തിയതെന്നും തങ്ങളെ കണ്ട പ്രതികൾ പിന്തുടർന്ന് ആക്രമിച്ചെന്നും പെൺകുട്ടി പറഞ്ഞു.
“ഞങ്ങൾ ഗേറ്റിന് പുറത്തേക്ക് വന്നു. ആഹാരം കഴിക്കാനാണ് പുറത്തുവന്നത്. ആ സമയം മൂന്ന് പേർ ഞങ്ങളെ കണ്ട് വാഹനം നിർത്തി അടുത്തേക്ക് വന്നു. അതുകണ്ടതും ഞങ്ങൾ അവിടെ നിന്ന് ഓടി. എന്നാൽ അവർ പിന്നാലെ വന്നു. എന്നെ പുറകിൽ നിന്ന് ആക്രമിക്കാൻ ശ്രമിച്ചു. കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്റെ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. നിലവിളിച്ചപ്പോൾ കൂടുതൽ ആളുകളെ വിളിക്കുമെന്നും അവർ വന്ന് പീഡിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും” യുവതി മൊഴി നൽകി.
കോളേജിലെ മുൻ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടാൻ യുവാവിന്റെ സഹോദരിയാണ് സഹായിച്ചതെന്നാണ് വിവരം. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് ഗേറ്റിന് സമീപമുള്ള ശ്മശാനത്തോട് ചേർന്നുള്ള കാട്ടിൽ വച്ചാണ് അക്രമണം നടന്നത്. പെൺകുട്ടി നിലവിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.















