ഇസ്ലമാബാദ്: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈനിക പോസ്റ്റുകൾ തകർന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും ടാങ്കുകളും സൈനിക പോസ്റ്റുകളും അടിച്ചുതകർത്തു. ഏറ്റുമുട്ടലിൽ നിരവധി പാക്- അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.
അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത്. പാക് പോസ്റ്റിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് അഫ്ഗാൻ സൈന്യം വെടിയുതിർത്തതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെഹ്‍രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.















