തിരുവനന്തപുരം: ക്ലാസ്മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ആശുപത്രിയിൽ. തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ ഒരു അദ്ധ്യാപിക തലകറങ്ങി വീണു. കടുത്ത ശ്വാസമുട്ടൽ അനുഭവപ്പെട്ട ആറ് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പേപ്പർ സ്പ്രേ സ്കൂളിൽ കൊണ്ടുവന്നത്. വിദ്യാർത്ഥി ഇത് ഉപയോഗിച്ച് നോക്കുന്ന സമയത്താണ് അദ്ധ്യാപകർ ക്ലാസിലേക്ക് എത്തിയത്. തുടർന്നാണ് അദ്ധ്യാപകർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.















