തിരുവനന്തപുരം: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ആലേഖനം ചെയ്ത സ്വർണ ഫലകവും മോഷ്ടിച്ചെന്ന് സംശയം. 2014ൽ ദുബായ് അയ്യപ്പ സേവാ സമിതിയാണ് ശബരിമലയിൽ സ്വർണ ഫലകം സമർപ്പിച്ചത്. കൃഷ്ണദാസ് നമ്പൂതിരി മേൽശാന്തി സ്വർണ ഫലകം ശ്രീകോവിലിന് മുന്നിൽ വച്ച് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. .
2014 ന് ശേഷം ഫലകം ആരും കണ്ടിട്ടില്ല. ശബരിമല സ്വർണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹരിവരാസനം എഴുതിയ സ്വർണഫലകവും കടത്തിയോ എന്ന സംശയം ബലപ്പെടുകയാണ്. സ്വർണഫലകം എവിടെയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കണമെന്ന് ഹരിവരാസനം ട്രസ്റ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജസ്റ്റിസ്. കെ. ടി ശങ്കരൻ സ്ട്രോംങ് റൂം തുറന്ന് പരിശോധിച്ചിരുന്നു. പരിശോധിച്ച വസ്തുക്കളുടെ കൂട്ടത്തിൽ സ്വർണഫലകം ഉണ്ടോ എന്ന് വ്യക്തമല്ല.
ശബരിമലയിലെ അമൂല്യമായ വസ്തുക്കളുടെ കണക്ക് പോലും ദേവസ്വം ബോർഡിന്ർറെ പക്കലില്ല. അഥവാ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തന്നെ അതിൽ കൃത്രിമം വരുത്താനും ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും അറിയാം. കേരളത്തിനകത്തും പുറത്തുമുള്ള ഭക്തർ അമൂല്യമായ കോടികൾ വിലമതിക്കുന്ന പല വസ്തുക്കളും അയ്യന് കാണിക്കയായി സമർപ്പിട്ടുണ്ട്. കൃത്യമായ രേഖകളില്ലാത്തതിനാൽ ഇവയിൽ എത്രത്തോളം ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതും എളുപ്പമല്ല.















