കൊച്ചി: ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്കൂൾ മാനദണ്ഡപ്രകാരമുള്ള നിലപാടിലുറച്ച് തന്നെ മുന്നോട്ടുപോകാനാണ് മാനേജ്മെൻറ് തീരുമാനം. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. വിഷയം വളച്ചൊടിക്കാൻ ചിലർ ശ്രമിക്കുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ ഇതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവായ അനസ് വ്യക്തമാക്കുന്നത്.
ഡിഡിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം തന്നെ സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കുട്ടിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ പുറത്താക്കിയിട്ടില്ല. കഴിഞ്ഞ 7 നാണ് കുട്ടി ഹിജാബ് ധരിച്ച് എത്തിയത്. അന്ന് രക്ഷകർത്താക്കളെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്കൂളിൽ പരിപാടിയായിരുന്നു. പരിപാടിക്ക് കുട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
മുൻനിലപാടിൽ നിന്നും മുന്നോട്ട് പോകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പ്രശ്നം വഷളാക്കിയതിന് പിന്നിൽ എസ്ഡിപിഐ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനയാണെന്നും സ്കൂൾ ആരോപിച്ചിരുന്നു. അന്ന് കുട്ടിയുടെ പിതാവ് വിളിച്ചത് പ്രകാരമാണ് സംഘം സ്കൂളിൽ എത്തി പ്രശ്നമുണ്ടാക്കിയതെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നു .
അതേസമയം സ്കൂൾ മാനേജ്മെന്റിനെതിരെ ഭീഷണിയുമായി ഇന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പ്രത്യേക അജണ്ടയോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്. പ്രിൻസിപ്പലും പിടിഎയും മാനേജ്മെന്റും പരസ്യമായി സർക്കാരിനെ വിമർശിച്ചത് ശരിയായില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.















