ആലപ്പുഴ : ജി.സുധാകരന്റെ തുറന്നു പറച്ചിലിനു മുന്നിൽ മുട്ടുമടക്കി സിപിഎം പാർട്ടി നേതൃത്വം. ജി.സുധാകരന് പാർട്ടി ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് ഏറെ ശീത സമരത്തിന് ശേഷം ഒഴിവാക്കി.
ഇതിന്റെ ഭാഗമായി നീണ്ട ഇടവേളക്ക് ശേഷം പാർട്ടിയുടെ ഔദ്യോഗികപരിപാടിയിലേക്ക് മുതിർന്ന സി.പിഎം നേതാവ് ജി.സുധാകരന് ക്ഷണം നൽകി. കെ.എസ്.കെ.ടി.യു മുഖമാസികയായ കർഷക തൊഴിലാളി മാസിക ഏർപ്പെടുത്തുന്ന വി.എസ് അച്യുതാനന്ദൻ കേരള പുരസ്ക്കാര ദാന ചടങ്ങിലേക്കാണ് ജി.സുധാകരന് ക്ഷണം ലഭിച്ചത്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് ജി സുധാകരനെ വീട്ടിലെത്തി ക്ഷണിച്ചത്. സി പി.എം കേന്ദ്ര കമ്മറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും പുരസ്ക്കാര ദാന ചടങ്ങിന്റെ സംഘാടക സമതി കൺവീനർ എം സത്യപാലനുമടക്കമാണ് സുധാകരന്റെ വീട്ടിൽ എത്തിയത്.
ഇതോടെ ഏറെ നാളത്തെ ഉരസലുകള്ക്ക് ശേഷം സിപിഐഎം അനുനയത്തിനൊരുങ്ങുന്നു എന്നാണ് സൂചന. ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് സിപിഎം കർശന നിർദേശം നൽകി.
ജി സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ അദ്ദേഹത്തെ ജില്ലാ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
എന്നാൽ പാർട്ടി എടുത്തു എന്ന് അവകാശപ്പെടുന്ന നടപടികളിൽ തൃപ്തനല്ലെന്ന് ജി സുധാകരൻ നേതൃത്വത്തെ അറിയിച്ചു. പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും ജി സുധാകരനോട് നേതൃത്വം അറിയിച്ചു. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാൻ പാർട്ടി നേതൃത്വം തുനിയുന്നു എന്നും റിപ്പോർട്ടുണ്ട്.















