പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്എസ് വൈസ് പ്രസിഡന്റ് സ്ഥാനമാണ് ഒഴിഞ്ഞത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവയ്‌ക്കാൻ ജനറൽ സെക്രട്ടറിയും താലൂക്ക് യൂണിയൻ ഭാരവാഹികളും മുരാരി ബാബുവിനോട് രാജി ആവശ്യപ്പെട്ടിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. ശബരിമലയിലെ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു നിർദേശം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ സ്വർണതട്ടിപ്പിന് പ്രധാന പങ്കുവഹിച്ച മുരാരി ബാബു കൂടി അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജി.
സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്.















