റായ്പൂർ: ഛത്തീസ്ഗഢിൽ 210 മാവോയിസ്റ്റുകൾ കീഴടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം, നാല് സോണൽ കമ്മിറ്റി അംഗങ്ങൾ, ഒരു റീജിയണൽ എന്നിവരുൾപ്പെടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് പൊലീസിന്റെ മുന്നിലെത്തിയത്.
അബുജ്മദ്, ബസ്തർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 110 സ്ത്രീകളും 98 പുരുഷന്മാരും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന 153 ആയുധങ്ങളും സുരക്ഷാസേനയ്‌ക്ക് കൈമാറിയിട്ടുണ്ട്.
ഈ ദിവസത്തെ ഛത്തീസ്ഗഢിന്റെ ചരിത്രദിനം എന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഛത്തീസ്ഗഢിലും മഹാരാഷ്‌ട്രയിലും ആകെ 258 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2026 ഓടെ രാജ്യത്ത് നിന്ന് പൂർണമായും മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ കൂട്ടകീഴടങ്ങൽ. ആയുധങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുമെന്നും അവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.















