ഇടുക്കിയിൽ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിലെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഭാഗങ്ങളിൽ മഴയിൽ കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്തു. പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നുണ്ട്.
നിരവധി വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒഴുകിപോവുകയും ചെയ്തു. നെടുങ്കണ്ടം തൂക്കുപാലം മേഖലയിലാണ് വാഹനങ്ങൾ ഒലിച്ചുപോയത്. കുമളിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു.
മഴ ശക്തമായതോടെ കല്ലാർ ഡാമിന്റെ ജലനിരപ്പ് ഉയർന്നു. തുടർന്ന് നാല് ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ ഉയർന്നതോടെ 160 ക്യൂമെക്സ് ജലം ഒഴുക്കിവിട്ടു. മുല്ലപ്പെരിയാറിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണകേന്ദ്രത്തിന്റെ പ്രവചനം.















