ന്യൂഡൽഹി: ട്രെയിനിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സഹോദരന്മാർ അറസ്റ്റിൽ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട അമ്രപാലി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് ഇരുവരും ബോംബ് ഭീഷണി മുഴക്കിയത്. സീറ്റ് കിട്ടാത്തതിൽ ഇവർ സഹയാത്രികരുമായി തർക്കിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാജ ബോംബ് ഭീഷണി .
ലുധിയാന സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ കയറിയപ്പോൾ മുതൽ സീറ്റില്ലാതെ നിൽക്കുകയായിരുന്നു ഇരുവരും. തുടർന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിൽ എത്തിയതോടെ ഇവർ സഹയാത്രികരുമായി വഴക്കിട്ടു. ഇത് രൂക്ഷമായതോടെ പ്രകോപിതരായ ഇവർ ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. പൊലീസ് എത്തിയതോടെ ഇരുവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞു. മൊബൈൽ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.















