പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തു. അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പങ്കാളി ഇവരെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ വളളിയമ്മയുടെ പങ്കാളിയായ പഴനിയെ പുതൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് വളളിയമ്മയെ കൊലപ്പെടുത്തിയതെന്നാണ് പഴനി പൊലീസിന് നല്‍കിയ മൊഴി.
പുതൂര്‍ പൊലീസും വനംവകുപ്പും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ വളളിയമ്മയുടെ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് ഉൾവനത്തിലെത്തി തിരച്ചിൽ നടത്തിയത്.















