ബെല്ലാരി: യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി സ്റ്റാർ എയർ. ബെംഗളൂരു-ഹംപി പ്രതിദിന വിമാന സർവീസ് വരുന്നു .നവംബർ ഒന്നു മുതൽ ആരംഭിക്കുന്നു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ഈ നീക്കം ബെല്ലാരി, വിജയനഗര ജില്ലകളിലെ വിനോദസഞ്ചാരത്തിനും ബിസിനസിനും വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. ചരിത്രപ്രസിദ്ധമായ ഹംപി പട്ടണത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ വിദ്യാനഗർ (ജെഎസ്ഡബ്ല്യു) വിമാനത്താവളം വഴിയായിരിക്കും വിമാന സർവീസുകൾ നടത്തുക. കഴിഞ്ഞ ഒരു മാസമായി ജെഎസ്ഡബ്ല്യു വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസവുമാണ് ഈ പ്രഖ്യാപനം.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ഹംപിയിലേക്കുള്ള കണക്റ്റിവിറ്റി ഈ പുതിയ വിമാന സർവീസ് വരുന്നതോടെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെല്ലാരിക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് സാമ്പത്തിക വൃത്തങ്ങൾ പറയുന്നു . നവംബർ 1 ന് വിമാന സർവീസ് ആരംഭിക്കും.
സ്റ്റാർ എയറിന്റെ പ്രഖ്യാപനം വിനോദസഞ്ചാരികൾക്കും പ്രാദേശിക ബിസിനസുകാർക്കും ഉണർവേകിയിട്ടുണ്ട്. നേരത്തെ, അലയൻസ് എയർ ഹംപിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസേന വിമാന സർവീസുകൾ നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ സർവീസ് നിർത്തിവച്ചിരുന്നു
സ്റ്റാർ എയർ പറയുന്നതനുസരിച്ച്, ദിവസേനയുള്ള വിമാനം ബെംഗളൂരുവിൽ നിന്ന് രാവിലെ 7:50 ന് പുറപ്പെട്ട് 8.40 ന് വിദ്യാനഗറിൽ എത്തി, 9.10 ന് വിദ്യാനഗറിൽ നിന്ന് തിരിച്ചെത്തി രാവിലെ 10 മണിക്ക് ബെംഗളൂരുവിൽ എത്തും.
ജെഎസ്ഡബ്ല്യു വിദ്യാനഗർ വിമാനത്താവളത്തിൽ നിന്ന് ഹംപി ഏകദേശം 35 കിലോമീറ്റർ അകലെയാണ്. നിലവിൽ നിരവധി വിനോദസഞ്ചാരികൾ 150 കിലോമീറ്റർ അകലെയുള്ള ഹുബ്ബള്ളി വിമാനത്താവളം ഹംപിയിലേക്കുള്ള യാത്രക്കായി ഉപയോഗിക്കുന്നു.















