ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതായി പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകൾ സംഗീത തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് അരയ്‌ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി വെളിപ്പെടുത്തി. യുവതി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
വാഹനാപകടത്തിലാണ് സംഗീതയുടെ അരയ്‌ക്ക് താഴെ തളർന്നത്. വിവാഹമോചനത്തിന് ശേഷം ലഭിച്ച തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി നൽകിയില്ല. പോയി ചാകാൻ’ പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
വീട്ടു തടങ്കലിലാണെന്നും തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും യുവതി പറഞ്ഞു. കൂടാതെ തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്ന അതീവ ഗുരുതരമായ ആരോപണവും സംഗീത ഉന്നയിക്കുന്നുണ്ട്.
“കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല, എന്നാണ് അച്ഛൻ പറയുന്നത്. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട്. ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്‌ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും, എന്നാണ് അച്ഛൻ പറയുന്നത്”
പൊലീസിനെതിരെയും യുവതി ഗുരുതര ആരോപണം ഉയർത്തുന്നുണ്ട്. മുൻപ് സുഹൃത്തിന്റെ സഹായത്തോടെ സംഗീത ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്കൊപ്പം വീട്ടിലാണ് എന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെ ഹർജി നിലനിന്നില്ലെന്നും യുവതി വീഡിയോയിൽ പറയുന്നു.
പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ എസ്.പി.ക്കും കലക്ടർക്കും പരാതി നൽകിയിരിക്കുകയാണ് സംഗീത. പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയുടെ വിഡിയോ സന്ദേശം പുറത്തിവിട്ടത്.















