എറണാകുളം : കേരളപിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ എൻ. ജി. ഒ. സംഘ് പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിക്കും. 12ാം ശമ്പള പരിഷ്കരണം അഞ്ചുവർഷ തത്വം അട്ടിമറിക്കുകയും , 2023 ജൂലൈ മുതൽ ലഭ്യമാകേണ്ട 6 ഗഡു (17%) ക്ഷാമബത്ത, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക എന്നിവ തടഞ്ഞുവച്ചും,പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചും, മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതെ കബളിപ്പിക്കുകയും,ലീവ് സറണ്ടർ ഉൾപ്പെടെ കവർന്നെടുത്ത മുഴുവൻ ആനുകൂല്യങ്ങളും പുനഃ സ്ഥാപിക്കണമെന്ന ആവശ്യങ്ങൾ അവഗണിച്ച് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതു സർക്കാരിന്റെ ഇടതു സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
2018 ൽ സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരുടെ സമ്മതമില്ലാതെ ശമ്പളം പിടിച്ചെടുത്ത ഇടതു സർക്കാർ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ നിന്നും എൻ ജി ഒ സംഘ് നേടിയെടുത്ത ചരിത്ര വിധിയുടെ ഏഴാം വാർഷികമായ ഒക്ടോബർ 29ന് ജില്ലാ കേന്ദ്രങ്ങളിൽ ശമ്പള സംരക്ഷണപ്രതിജ്ഞ സംഘടിപ്പിക്കും.
എറണാകുളം ബി എം എസ് സംസ്ഥാന കാര്യാലയത്തിൽ നടന്ന എൻ ജി ഒ സംഘ് സംസ്ഥാന കമ്മിറ്റി യോഗം ബി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു















