ന്യൂഡൽഹി: റഷ്യയിലെ കെമിക്കൽ പ്ലാന്റിന് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘാദൂര മിസൈലുകൾ ഉപയോഗിച്ചാണ് യുക്രെയിൻ റഷ്യൻ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്‌ക്ക് നേരെ ആക്രമണം നടത്തിയത്. 250 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ക്രൂയ്‌സ് മിസൈലായ സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇക്കാര്യം യുക്രെയിൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിജയകരമായ ആക്രമണം എന്നാണ് റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെറിഞ്ഞതിനെ കുറിച്ച് യുക്രെയിൻ സായുധസേന മുതിർന്ന ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം യുക്രെയിനിലെ നിരവധി പ്രദേശങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം അഴിച്ചുവിട്ടു. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി അറിയിച്ചു.
യുക്രെയിനിലെ താപവൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യൻ സൈന്യത്തിന്റെ ആക്രമണം നടന്നതെന്നും റിപ്പോർട്ടുണ്ട്. ആക്രമണസമയത്ത് പല സ്ഥലങ്ങളിലും വൈദ്യുത തടസങ്ങൾ ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത.















