കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഷോപ്പിന് സമീപം സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. തോട്ടട സ്വദേശി ഷെൽവിയെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
സ്ത്രീയുടെ മരണത്തിൽ നടത്തിയ വിശദ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച സ്ത്രീയെ രാത്രി വൈകി ഇയാളോടൊപ്പം കണ്ടെന്ന ദൃക്സാക്ഷിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മരിച്ച ശെൽവിയും പ്രതിയും കുറച്ചുനാളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ ശശി ഇവരെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു പ്രതി.















