ന്യൂഡൽഹി: ഒളിമ്പിക് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയെ ആദരിച്ചത്. കായിക മേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരവ്. ഏപ്രിൽ 16-നാണ് ലെഫ്റ്റനന്റ് കേണൽ പദവി നൽകിക്കൊണ്ടുള്ള നിയമനം പ്രാബല്യത്തിലായത്.
ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ പുരുഷന്മാരുടെ ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്രയെ ജനുവരി 22-ന് വിശിഷ്ട സേവനത്തിനുള്ള പരം വിശിഷ്ട സേവ മെഡൽ നൽകി ആദരിച്ചിരുന്നു. 2018-ൽ അർജുന അവാർഡും 2021-ൽ ഖേൽ രത്‌ന പുരസ്‌കാരവും 2022-ൽ പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു.
2016 ഓഗസ്റ്റ് 26-ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചുമതലയേറ്റിരുന്നു. 2024-ൽ സുബേദാർ മേജറായും സ്ഥാനക്കയറ്റം ലഭിച്ചു.















