ചെന്നൈ: കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു. കടലൂരിലാണ് സംഭവം. അയൽവാസിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ചിദംബരം സ്വദേശികളായ യശോധയും മകൾ ജയയുമാണ് മരിച്ചത്.
അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അമ്മയും മകളും കഴിഞ്ഞിരുന്നത്. കനത്ത മഴയിലും ഇവർ ഈ വീട്ടിലാണ് ഉണ്ടായിരുന്നത്. മഴ കനത്തതോടെ വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. പ്രദേശവാസികൾ എത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടലൂരിൽ പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കടലൂരിലും അയൽ ജില്ലകളായ വില്ലുപുരം, മയിലാടുതുറൈ, ചെങ്കൽപ്പട്ട് എന്നിവിടങ്ങളിലും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.















