പത്തനംതിട്ട: ശബരിമല സ്വർണക്കാള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകും. ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് വീട്ടിലെത്തിയാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്വർണപ്പാളിക്കേസിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാനിയാണ് ഇയാൾ. ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവാണ്. വ്യാജരേഖകൾ ചമയ്‌ക്കാൻ തുടങ്ങിയതും മുരാരി ബാബുവിന്റെ കാലത്താണ്.
എന്നാൽ, ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവർത്തിച്ചിരുന്നത്. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വാദം. ദ്വാരകപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയതെന്നും അതിനാലാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.















