‘സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന എഐ ഇമേജിനെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘‘ഞാൻ വൈഷ്ണവി സായികുമാർ. എന്റെ ഫാൻ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരിൽ കുറച്ചുദിവസമായി എന്റെ കുടുംബത്തിനെക്കുറിച്ചും എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ചില പോസ്റ്റുകൾ കാണുന്നു. എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല.
എന്റെ ഇൻസ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എ ഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കരുത്. എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതെ വിടൂ.’’–വൈഷ്ണവിയുടെ വാക്കുകൾ.
അച്ഛൻ സായികുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ എഐ ചിത്രം വൈറലായിരുന്നു. വൈഷ്ണവിയുടെ തോളിൽ കൈ വച്ചിരിക്കുന്ന സായ്കുമാറാണ് ചിത്രത്തിലുള്ളത്. ‘സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു.















