തൊടുപുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം.
തന്നെ നിരന്തരം കളിയാക്കുന്ന മന്ത്രി എന്നു ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി വി ശിവന്‍കുട്ടിയെ വിമർശിച്ചത്. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ സുരേഷ് ഗോപി പറഞ്ഞു.
വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. തനിക്കെതിരെ എപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ പദ്ധതി വേണ്ടെന്നുവച്ച് ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ലെന്നും, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിൽ സുരേഷ്ഗോപി പറഞ്ഞു
വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി. പിന്നാക്ക പഞ്ചായത്തായ വട്ടവടയിൽ റോഡ്, സ്കൂൾ, കൃഷി, വന്യമൃഗ ശല്യം, ആശുപത്രി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ജനങ്ങൾ പരാതിയായി മന്ത്രിക്ക് മുൻപിൽ അറിയിച്ചു. കലുങ്ക് സദസ്സ് ആരംഭിക്കുന്നതിന് മുൻപ് സുരേഷ് ഗോപി മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെ.മോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.















