മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയത്. 256 കോടിയുടെ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ദുബായിലേക്ക് നാടുകടത്തപ്പെട്ട കള്ളക്കടത്ത് ശൃംഖലയുടെ പ്രധാനി സലിം ഡോളയുടെ സഹായിയായ മുഹമ്മദ് സലിം സുഹൈൽ ഷെയ്ഖാണ് അറസ്റ്റിലായത്.
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ സുഹൈൽ ഷെയ്ഖ്. മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയ ലൈംഗിക ഉത്തേജന ലഹരിയായ മെഫെഡ്രോൺ നിർമാണ യൂണിറ്റുമായിമായി ഷെയ്ഖിന് നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.
2024-ലാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ലഹരിമാഫിയയുടെ കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സലീം ഷെയ്ഖും ഡോളയുമായും ബന്ധമുണ്ടെന്ന് വ്യക്തമായി. തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.
രഹസ്യാന്വേഷണത്തിൽ 245 കോടി രൂപ വിലമതിക്കുന്ന 122.5 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു. മെഫെഡ്രോൺ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ഗ്രാമപ്രദേശങ്ങൾ മുതൽ ദുബായ് വരെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പുറത്തുവന്നത്.















