പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ കുടുക്കി മുൻ അഡ്മിനിസ്ട്രേറ്റീവ് മുരാരി ബാബുവിന്റെ മൊഴി. തട്ടിപ്പ് നടന്ന കാലത്ത് ഭരണത്തിലുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ മുരാരി ബാബു മൊഴി നൽകി. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും എൻ വാസുവും കണ്ടെന്ന് മുരാരി ബാബു അന്വേഷണസംഘത്തെ അറിയിച്ചു.
കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കടത്താൻ ഒത്താശ ചെയ്തയാളാണ് മുരാരി ബാബു. കേസിലെ രണ്ടാം പ്രതിയാണ്. 1998-ൽ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വർണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019 ലും 2024ലും ചെമ്പെന്ന് രേഖകളിൽ എഴുതുകയായിരുന്നു.
സ്വർണതട്ടിപ്പ് നടത്തിയതിൽ മുരാരി ബാബുവിന്റെ പങ്ക് പ്രധാനമാണെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗ്ളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥർ അറസ്റ്റിലാകാനാണ് സാധ്യത. 10 ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതിച്ചേർത്തിട്ടുള്ളത്.















