ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ ട്രാവൽ ബസിലുണ്ടായ തീപിടിത്തത്തിന്റെ ഭീതി വിട്ടുമാറാതെ യാത്രക്കാർ. ഉഗ്രശബ്ദം കേട്ടാണ് തങ്ങൾ ഉണർന്നതെന്നും വാഹനം മുഴുവനായും കത്തിയമരുന്നതാണ് കണ്ടതെന്നും യാത്രക്കാരിയായ യുവതി പ്രതികരിച്ചു.
“എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഒന്നും അറിഞ്ഞില്ല. എന്തോ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. തീ മുഴുവൻ ബസിനെ വിഴുങ്ങുന്നതാണ് കണ്ടത്. ബസിന്റെ പിൻവശത്തുള്ള എക്സിറ്റ് തകർത്ത് ഞങ്ങൾ പുറത്തേക്ക് ചാടി. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നത്”.
“തീപടരുമ്പോൾ എല്ലാവരും ഗാഢനിദ്രയിലായിരുന്നു. തീപിടിച്ചതിന് പിന്നാലെ തന്നെ തീ ആളിപ്പടരന്നുണ്ടായിരുന്നു. പിൻവാതിൽ പൊളിച്ചാണ് പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടയിൽ പലർക്കും പരിക്കേറ്റിരുന്നു. കർട്ടണുകൾ ഉള്ളതിനാൽ അകത്ത് ആളുണ്ടോയെന്ന് അറിയാൻ കഴിഞ്ഞില്ല. ഓടിരക്ഷപ്പെടുന്നവർക്ക് അത് നോക്കാനും ബുദ്ധിമുട്ടായിരുന്നു.
ജനലുകൾ തകർത്താണ് പുറത്തേക്ക് ചാടിയത്. വീഴ്ചയിൽ പലർക്കും പരിക്കേറ്റിരുന്നു. ബൈക്ക് വന്ന് ബസിലേക്ക് ഇടിച്ചത് മാത്രമാണ് കണ്ടത്. പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു. ഡ്രൈവർ ഓടിരക്ഷപ്പെട്ടോ മരണപ്പെട്ടോ എന്ന് അറിയില്ലെന്നും” യാത്രക്കാർ പ്രതികരിച്ചു.















