തിരുവനന്തപുരം : പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സിപിഐ നിലപാട് . ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും എൽഡിഫ് കൺവീനർക്കും കത്ത് നൽകുമെന്നാണ് സിപിഐ പറയുന്നത്.
സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനായി ഈ മാസം 27 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ആലപ്പുഴയിൽ വച്ചായിരിക്കും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നടക്കുക. ഇതിനുശേഷമായിരിക്കും സംസ്ഥാന മന്ത്രിസഭാ യോഗം നടക്കുക.
ഈ വിഷയത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്ക് ബിനോയ് വിശ്വം കത്തയച്ചിട്ടുണ്ട് പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തിൽ പറയുന്നു . മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോര്‍ക്കല്‍ നടപടിയെന്നും ബിനോയ് വിശ്വം പറയുന്നു.
പിഎം ശ്രീ തീരുമാനത്തിനെതിരെ ഡി രാജ എംഎ ബേബിക്ക് കത്ത് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഈ കത്തിൽ ഉന്നയിച്ചിട്ടുള്ളത്.















