തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ശനിയാഴ്ച തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കും.
മത്സ്യബന്ധന മേഖലയിലെ ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത് , കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ട്രാന്‍സ്പോണ്ടറുകള്‍, എന്‍എഫ്ഡിപി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ജോര്‍ജ് കുര്യന്‍ വിതരണം ചെയ്യും. കേരളത്തിലെ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായും മത്സ്യകര്‍ഷകരുമായും മന്ത്രി സംവദിക്കും.ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികളിലും മത്സ്യകര്‍ഷകരിലും അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലുള്ള കൊടിയമ്പുഴ ദേവസ്വം ഹാളില്‍ രാവിലെ 10ന് ജനസമ്പര്‍ക്ക പരിപാടി നടക്കും. തുടര്‍ന്ന്, എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ഞാറയ്‌ക്കല്‍ ശ്രീ നാരായണ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് ജനസമ്പര്‍ക്ക പരിപാടി നടക്കും.
കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രധാന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള വേദിയായിരിക്കും ഈ പരിപാടി. 500-ലധികം പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.















