ഇടുക്കി : അടിമാലിയിലെ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നെടുമ്പള്ളിക്കുടി സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്.
ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയ പാതയ്‌ക്കരികിലാണ് ദമ്പതികളുടെ വീട്. അപകട ഭീഷണിയെത്തുടർന്ന് ഉന്നതിക്ക് സമീപത്തെ 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപാർപ്പിച്ചിരുന്നു. സാധനങ്ങൾ എടുക്കാനും ഭക്ഷണം കഴിക്കാനും വീട്ടിൽ തിരിച്ചത്തിയപ്പോഴാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്.
അഞ്ചുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. മൂന്നരയോടെ സന്ധ്യയെ പുറത്തെത്തിച്ച് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജുവിനെ പുറത്തെത്തിക്കാനായില്ല. ഒരു മണിക്കൂറിന് ശേഷം ബിജുവിനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരപ്പണിക്കാരനാണ് ബിജു. ഒന്നര വർഷം മുൻപാണ് ബിജുവിന്റെ മകൻ ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ ദുഃഖത്തിൽ നിന്നും കരകയറുന്നതിനിടയിലാണ് വീണ്ടും ദുരന്തം തേടിയെത്തിയത്. ദമ്പതികളുടെ മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.















