തിരുവനന്തപുരം: ഏക്കറുകണക്കിന് ക്ഷേത്ര ഭൂമികൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങൾ മറച്ചുവച്ച് ദേവസ്വം ബോർഡുകൾ. ക്ഷേത്ര വസ്തുവകകളുടെ കണക്കുകൾ തേടിയുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡിന് മറുപടിയില്ല. ആവർത്തിച്ച് അപേക്ഷ നൽകിയാലോ വിവരങ്ങൾ ശേഖരിച്ച് നൽകാൻ ജീവനക്കാർ ഇല്ലെന്നും കാണിക്ക എണ്ണാൻ പോയി എന്നുമാണ് മറുപടികൾ.
കഴിഞ്ഞ ദിവസം ക്ഷേത്ര വസ്തുവകകളുടെ വിവരം തേടിയുള്ള അപേക്ഷയ്‌ക്ക് പറവൂർ ദേവസ്വം സബ് ഗ്രൂപ്പ് നൽകിയതാകട്ടെ ആധികാരികതയില്ലാത്ത കയ്യെഴുത്ത് രേഖ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് പറവൂർ ഗ്രൂപ്പ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിന് കീഴിൽ വരുന്ന 33 ക്ഷേത്രങ്ങളുടെ സ്വത്തുക്കളുടെ വിവരങ്ങൾ തേടി പറവൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കാണ് തത്തപ്പിള്ളി സ്വദേശി ഉദയൻ എ. എം വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
കൈകൊണ്ട് എഴുതി തയ്യാറാക്കിയ മറുപടിയിൽ വസ്തുവിന്റെ വിസ്തീർണ്ണവും സർവ്വേ നമ്പറും മാത്രമാണ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ആ സ്ഥലം എന്തിന് വേണ്ടി വിനിയോഗിക്കുന്നു ക്ഷേത്രവമായി ബന്ധപ്പെട്ടാണോ എന്നീ കാര്യങ്ങൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറിയില്ല. കൂടാതെ ഇവ തെളിക്കുന്ന റവന്യൂ രേഖകളും നൽകിയിട്ടില്ല. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏക്കർ കണക്കിന് ഭൂമി പതിച്ച് നൽകിയ സാഹചര്യത്തിലാണ് ഉദയൻ വിവരാവകാശ നിയമ പ്രകാരം മറുപടി തേടിയത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളുടെ ക്രമക്കേടുകൾ മറച്ചുപിടിക്കാൻ വിവരാവകാശ നിയമം പോലും അടിമറിക്കുകയാണ് അധികൃതർ. ദേവസ്വം ബോർഡ് ലഭിക്കുന്ന വിവരാവകാശങ്ങളിൽ മുടന്തൻ ന്യായം പറയുന്നതും പതിവാണ്.















