റാഞ്ചി: ഝാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസ സദർ ആശുപത്രിയിലാണ് നടുക്കുന്നു സംഭവം. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച തലസീമിയ രോഗ ബാധിതനായ അഞ്ച് വയസുകാരനാണ് ആദ്യം എച്ച്ഐവി സ്ഥികരിച്ചത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ തലസീമിയ ബാധിച്ച നാല് കുട്ടികൾ കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
പ്രതിഷേധം ശക്തമായതിന് പിന്നാലെ അഞ്ചംഗ സമിതിയെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ രക്തബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച കണ്ടെത്തി. രക്തസാമ്പിൾ പരിശോധനയിൽ പിഴവ്, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കൽ എന്നിവ കൃത്യമല്ലെന്നും വ്യക്തമായിട്ടുണ്ട്.
സർക്കാർ രേഖകൾ പ്രകാരം, വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിലവിൽ 515 എച്ച്ഐവി പോസിറ്റീവ് രോഗികളും 56 തലസീമിയ രോഗികളുമുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും രക്തം സൗജന്യമാണ്. ആദ്യം എച്ച്ഐവി കണ്ടെത്തിയ കുട്ടിയ്‌ക്ക് ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്തമാണ് നൽകിയത്.















