കോട്ടയം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അനിവാര്യമായ പിഎം ശ്രീയിൽ ഭാഗമാകാൻ തീരുമാനിച്ചശേഷം സിപിഐ നടത്തുന്നത് സ്വർണ്ണ കവർച്ച വഴിമാറ്റാനുള്ള ചക്കളത്തിൽ പോരാട്ടമാണെന്ന് ബി.ജെ പി നേതാവ് എൻ. ഹരി ആരോപിച്ചു. ഒരിക്കൽ ശബരിമലയെ തൊട്ടു കൈ പൊള്ളിയ ഇടതു മുന്നണി ജനമനസുകളിൽ നിന്നും ആ വികാരം മായിച്ചു കളയാനുള്ള സംഘടിത ശ്രമമാണെന്ന് നടത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയ്‌ക്കെതിരെ ജ്വലിക്കുന്ന ജനവികാരം വഴി തിരിച്ചുവിടാനാണ് ഇപ്പോഴത്തെ സമരങ്ങളിലുടെ ലക്ഷ്യമിടുന്നത്.
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണകൊള്ളയിൽ നിന്നു ശ്രദ്ധ തിരിച്ച് ഭരണ മുന്നണിയുടെ മുഖം രക്ഷിക്കുന്നതിനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണിത്. ഇതിനെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇൻഡി സഖ്യത്തിലെ വല്യേട്ടനായ കോൺഗ്രസും ശബരിമല സ്വർണ്ണക്കവർച്ച മറയ്‌ക്കാൻ പരോക്ഷമായി സഹായിക്കുന്നു. ദേശീയ മുന്നണിയുടെ പരസ്പര സഹായ സഹകരണ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ധാരയ്‌ക്കൊപ്പം കേരളത്തെയും ചേർക്കുന്ന പി എം ശ്രീ യുടെ ഭാഗമാകുക എന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
ജനാധിപത്യ രാജ്യത്ത് ഒരേ വീക്ഷണമുള്ള ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് അനുവർത്തിക്കേണ്ട നടപടി മാത്രം. സംസ്ഥാന മന്ത്രിസഭ തീരുമാനം അനുസരിച്ച് ന്യൂഡൽഹിയിൽ പോയി പദ്ധതിയുടെ ഭാഗമായ ശേഷം സിപിഐ തങ്ങൾ ഇരുട്ടിൽ ആണെന്ന് പറയുന്നത് ആരെ കബളിപ്പിക്കുന്നതിനാണ്. അത്ര എതിർപ്പു ഉണ്ടായിരുന്നെങ്കിൽ സിപിഐ ആണത്തമുള്ള പ്രതിഷേധം പ്രകടിപ്പിക്കുമായിരുന്നു. മുന്നണി വിട്ട് പുറത്തു വരാനുള്ള തീരുമാനമെടുക്കാനുള്ള ചങ്കൂറ്റമുണ്ടോ. ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. മുന്നണിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മറ്റൊരു വിവാദം ഉണ്ടാക്കി ശ്രദ്ധ തിരിക്കാൻ വല്യേട്ടനെ സഹായിക്കുന്നത് സിപിഐയുടെ പതിവാണ്. അതാണ് പ്രതിഷേധത്തിന്റെയും സമരത്തിന്റെയും രൂപത്തിൽ സിപിഐയും യുവജന സംഘടനകളും ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല സ്വർണ്ണപ്പാളി കവർച്ചയിൽ നിന്നും കരകയറുക എന്നതാണ് മുന്നണി ലക്ഷ്യമിടുന്നത്. അതിന് തന്നാലായത് സിപിഐ ചെയ്യുന്നു. ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ വേണമല്ലോ. തുടർഭരണത്തിന്റെ മനപ്പായസം ഉണ്ണുന്ന സിപിഎമ്മിന് ഊർജ്ജം പകരുകയാണ് സിപിഐ ചെയ്യുന്നത്. എൻ. ഹരി ചൂണ്ടിക്കാട്ടി.















