ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പുതിയ റെക്കോർഡ്. പൊതുകടത്തിലും ദാരിദ്ര്യത്തിലുമാണ് പാകിസ്ഥാന്റെ റെക്കോർഡിട്ടിരിക്കുന്നത്. പാകിസ്ഥാന്റെ പൊതുകടം 287 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 13 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
പാകിസ്ഥാൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ 2025 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് അനുസരിച്ച് കടം-ജിഡിപി അനുപാതം 70 ശതമാനമായി വർധിച്ചു. ആഭ്യന്തര കടം വർഷം തോറും 15 ശതമാനം വർധിച്ച് 54.5 ട്രില്യൺ രൂപയിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ നല്ലൊരു പങ്കും എഡിബി, ലോക ബാങ്ക് വായ്പകളാണ്
പാകിസ്ഥാന്റെ മൊത്തം വിദേശ കടത്തിന്റെ 84 ശതമാനവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. 6.18 ബില്യൺ ഡോളർ കടമുള്ള പഞ്ചാബാണ് പ്രവിശ്യകളിൽ ഏറ്റവും വലിയ കടക്കാരൻ. 4.67 ബില്യൺ ഡോളറുമായി സിന്ധാണ് രണ്ടാം സ്ഥാനത്ത്. ഖൈബർ പഖ്തൂൺഖ്വയുടെ കടം 2.77 ബില്യൺ ഡോളറാണ്. അതേസമയം ബലൂചിസ്ഥാന് 371 മില്യൺ ഡോളറാണ് കടം.















