തൊടുപുഴ: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് പിന്നാലെ മൂന്നാര്‍ പള്ളിവാസലിലും മണ്ണിടിച്ചിൽ. ഇവിടെ രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്.ഇന്നലെ രാത്രി 10.30യോടെയാണ് സംഭവം.
കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം പാലത്തിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. മണ്ണിടിയുമ്പോൾ പ്രദേശത്ത് കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങളില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.
അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചിരുന്നു . ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചില്‍.















