തിരുവനന്തപുരം : മൂന്നു നാലു ദിവസമായി സിപിഐയും സിപിഎമ്മും നടത്തുന്ന നാടകത്തിനു താത്കാലിക സമാപ്തി. പിഎംശ്രീ തൽക്കാലത്തേക്ക് മരവിപ്പിക്കും എന്നാണ് ഇരു കക്ഷികളുടെയും യോഗ തീരുമാനം .സിപിഐയുടെ നാടകത്തിന് മുന്നിൽ
സിപിഎം മുട്ടുമടക്കി
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മരവിപ്പിക്കാനാണു സി പി എമ്മിന്റെ ആലോചന. കേരളത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുത്ത ശേഷം പദ്ധതിയുമായി മുന്നോട്ട് പോകും. നവംബർ രണ്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
ഇതേ തുടർന്ന് സിപി ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയിലെത്തിയിട്ടുണ്ട്. സിപിഎം ഇക്കാര്യം സിപിഐയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഉടൻ നടക്കും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ കേന്ദ്രത്തെ അറിയിക്കുക.
ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് ഈ തീരുമാനം.ഇന്ന് ഉച്ചയ്‌ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.















