പത്തനംതിട്ട: പ്രളയത്തിന്റെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു മാസത്തെ മുഴുവൻ ശമ്പളവും പിടിച്ചെടുത്ത ഇടതു സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നിന്നും കേരള എൻ ജി ഒ സംഘ് നേടിയെടുത്ത ചരിത്ര വിധിയുടെ ഏഴാം വാർഷികത്തിൽ സംസ്ഥാന ജീവനക്കാർ ശമ്പള സംരക്ഷണ പ്രതിജ്ഞയെടുത്തു.
ശമ്പളം ഔദാര്യമല്ല അവകാശമാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ല. എന്ന 2018 ഒക്ടോബർ 29 ലെ കോടതി ഉത്തരവിനെ തുടർന്നാണ് വിസമ്മതപത്രം പിൻവലിച്ച് സമ്മതപത്രം വാങ്ങാൻ സർക്കാർ തയ്യാറായത്. നിയമ പോരാട്ടത്തിലൂടെ ജീവനക്കാരുടെ ശമ്പളം സംരക്ഷിക്കപ്പെട്ട ദിവസമായ ഒക്ടോബർ 29 ശമ്പള സംരക്ഷണ ദിനമായി ആചരിച്ചുവരികയാണ്.
സംസ്ഥാന വ്യാപകമായി നടന്ന ശമ്പള സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സന്ധ്യ പി.എം. പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ഗിരീഷ് സംസ്ഥാന സമിതി അംഗങ്ങളായ പി. അനിൽകുമാർ, ജി. അനീഷ് എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എം. രാജേഷ് സ്വാഗതവും,ജില്ലാ ട്രഷറർ പി. ആർ.രമേശ് നന്ദിയും പറഞ്ഞു.















