ബെംഗളൂരു: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ തട്ടകത്തിലും ശതാബ്ദി പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. യാദ്ഗിരി ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. വെള്ളിയാഴ്ചയാണ് ഖാർഗെയുടെ മണ്ഡലമായിരുന്ന ഗുർമിത്കലിൽ ശതാബ്ദി പഥസഞ്ചലനം നിശ്ചയിച്ചിരിക്കുന്നത്.
ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുന ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തെഴുതിയിരുന്നു. ഇതേ പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിലും ആർഎസ്എസ് പഥസഞ്ചലനം നടത്തുന്നുണ്ട്. ഹൈക്കോടതി അനുമതിയോടെയാണ് സ്വയം സേവകർ സംഘശക്തി തെളിയിക്കുന്നത്.
ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് ബസ്സപ്പ സഞ്ജനോളാണ് പഥസഞ്ചലനത്തിനുള്ള അനുമതി തേടി ജില്ല ഭരണകൂടത്തിന് കത്തി നൽകിയത്. മുൻ നിശ്ചയിച്ചത് പ്രകാരം സാമ്രാട്ട് സർക്കിൾ, എപിഎംസി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നിവിടങ്ങളിലൂടെ കടന്ന് രാം നഗറിൽ സഞ്ചലനം സമാപിക്കും.















