ബെംഗളൂരു: വയനാട് വിനോദസഞ്ചാരകേന്ദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കർണാടക ടൂറിസ്റ്റ് വകുപ്പിന്റെ നീക്കത്തെ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രിക്കസേര നിലനിർത്താൻ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാൻഡ് പ്രീണനമാണിതെന്ന് കർണാടക ബിജെപി നേതാവ് ആർ അശോക് ആരോപിച്ചു. വയനാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിന് പിന്നാലെയാണ് വിമർശനം.
വയനാടിന്റെ ടൂർ പാക്കേജിന്റെ പ്രമോഷൻ വീഡിയോയാണ് കർണാടക ടൂറിസ്റ്റ് വകുപ്പ് പങ്കുവച്ചത്. വയനാടിന്റെ ജില്ലാ കളക്ടറായും വികസനഫണ്ട് നേടുന്ന ആളായും പ്രവർത്തിക്കുന്ന കർണാടക മുഖ്യമന്ത്രിയെ ജനങ്ങൾ എത്രനാൾ സഹിക്കുമെന്ന് ആർ അശോക് ചോദിച്ചു.
“കർണാടകയിലെ നികുതിദായകരുടെ 10 കോടി രൂപ നിങ്ങൾ അതിവേഗത്തിൽ വയനാടിന് നൽകി. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കർണാടകയുടെ ടൂറിസം വകുപ്പിനെ ഉപയോഗിച്ചു. കർണാടകയിലുണ്ടായ പ്രകൃതി ദുരന്തത്തിൽപെട്ടവർക്ക് നൽകേണ്ട ഫണ്ട് എവിടെ, കർഷകർ ദുരിതമനുഭവിക്കുന്നു. വീടുകൾ ഒലിച്ചുപോയി. നഷ്ടപരിഹാരം ഇപ്പോഴും നൽകിയിട്ടില്ല. വയനാട് കർണാടകയുടേതാണോ, അതോ കെഎസ്ടിഡിസി കേരളമായി മാറിയോ. പ്രിയങ്ക ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കർണാടകയിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും. അവർ കന്നട നാടിന്റെ അഭിമാനം പണയംവയ്‌ക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.















