അമിതമായി ആഹാരം കഴിച്ച് വണ്ണം വയ്‌ക്കുന്നവരും, പച്ചവെള്ളം കുടിച്ചാൽ പോലും വണ്ണം വയ്‌ക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ചില രോഗങ്ങൾ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്കും ശരീരഭാരം അകാരണമായി കൂടാറുണ്ട്. അടുത്തിടെ നടി അന്ന രേഷ്മ രാജൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ശരീരഭാരം കുറച്ചതിനെ പറ്റിയായിരുന്നു താരത്തിന്റെ കുറിപ്പ്. താൻ കഷ്ടപ്പെട്ടാണ് വണ്ണം കുറച്ചതെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാൻ തയാറാകാതെ വിമർശകർ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് താൻ ഹാഷിമോട്ടോസ് ഡിസീസ് എന്ന രോഗം ബാധിച്ച് ചികിത്സയിലാണെന്ന കാര്യം അന്ന വെളിപ്പെടുത്തിയത്.
താരത്തിന്റെ പോസ്റ്റിന് ശേഷം പലരും ചോദിക്കുന്നതാണ്എന്താണ് ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്. ഹൈപോ തൈറോയിഡിസത്തിന് കാരണമാകുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ് അഥവാ ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് കാരണമാകുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥ ഹൈപോതൈറോയ്ഡൈസത്തിന് കാരണമാകുന്നു.
തൈറോയ്ഡ് രോഗങ്ങൾ പലപ്പോഴും കൃത്യമായി തിരിച്ചറിയപ്പെടുന്നില്ല. മറ്റ് പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതാണ് ഇവയുടെ ലക്ഷണങ്ങൾ. ഏത് പ്രായത്തിലുള്ളവർക്കും ഹാഷിമോട്ടോസ് പിടിപെടാം. എന്നാൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. 30 വയസിനും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി രോഗം ബാധിക്കുന്നത്.
അമിത ക്ഷീണം, ശരീരഭാരം വർദ്ധിക്കുന്നു, സന്ധിവേദന, വരണ്ടമുടിയും ചർമവും , മുടിക്കൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ, ഹൃദയമിടിപ്പ് കുറയുക എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ഇവ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൈദ, ഗോതബ്, ചായ, കാപ്പി, എണ്ണ പലഹാരങ്ങൾ എന്നിവ നിയന്ത്രിച്ചാൽ ഒരു പരിധിവരെ ഇവയെ അകറ്റാൻ സാധിക്കും.















