കോഴിക്കോട്: അതി പുരാതനമായ ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിൽ കമ്മിറ്റി സെക്രട്ടറിയുടെ ആചാര ലംഘനം. നിയമപരമായി അധികാരമില്ലാത്ത ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായ രാജീവനാണ് ക്ഷേത്ര നടയിൽ മൂത്രവിസർജനം നടത്തി അശുദ്ധമാക്കിയത്. ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റി സെക്രട്ടിറിയായിരുന്നു ബാങ്ക് ജീവനക്കാരനായ സി. കെ രാജീവൻ.
കഴിഞ്ഞ ദിവസം രാത്രിയാണ് സി. കെ രാജീവനും സംഘവും ക്ഷേത്രത്തിൽ എത്തിയത്. ഇയാൾക്കൊപ്പം കെ. എൽ പവിത്രൻ, സി. വി രാജീവ്, കെഎസ്ഇബി ജീവനക്കാരനായ സജു സഞ്ജീവ് എന്നിവരുമുണ്ടായിരുന്നു.
ക്ഷേത്ര നടയിൽ മൂത്രം ഒഴിച്ച ശേഷം സംഘം ക്ഷേത്രത്തിലെ ഹാളിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി പണം കവർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഭക്തർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല
22 വർഷമായി ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജീവനും സംഘവും. എന്നാൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഭക്തജനങ്ങളിൽ നിന്നും വാങ്ങുന്ന പണത്തിന്റെ കണക്ക് ഇവർ വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഹൈക്കോടതി ഇടപെടുകയും ജീർണ്ണോദ്ധാരണ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു. ഇതിൻമേലുള്ള വൈരാഗ്യമാണ് ഹീനമായ പ്രവൃത്തിക്ക് കാരണം എന്നാണ് സൂചന.
സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാത്ത പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവർക്കെതിരെ പ്രതികരിച്ച ഭക്തർക്കെതിരെ കേസ് എടുക്കാനും ഇതിനിടെ പൊലീസ് ശ്രമിച്ചിരുന്നു. ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ക്ഷേത്ര പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.















