പോർട്ട് സുഡാൻ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷ സ്വദേശി 36 കാരനായ ആദർശ് ബെഹ്‌റയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) ബന്ദിയാക്കിയെന്നാണ് റിപ്പോർട്ട്. ഒഡീഷയിലെ ജഗത്സിംഗ്പുർ സ്വദേശിയാണ് ആദർശ്.
സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള അൽ ഫാഷിറിൽ (എൽ ഫാഷർ) നിന്നാണ് ആദർശിനെ വിമതസേന തട്ടിക്കൊണ്ടുപോയത്. ആർഎസ്‌എഫ് ശക്തികേന്ദ്രമായ നയാലയിൽ ആണ് യുവാവിനെ പാർപ്പിച്ചിരിക്കുന്നതെന്നാണ് സൂചന .
ആദർശിന്റെ മോചനത്തിനായി സുഡാൻ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ആശയവിനിമയം നടത്തുകയാണ്. ഇന്ത്യൻ പൗരന്റെ മോചനം ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദുള്ള അലി എൽടോം ഉറപ്പുനൽകിയിട്ടുണ്ട്.
ഇതിനിടെ വിമതസേനയുടെ നടുവിൽ ഇരിക്കുന്ന ആദർശ് ബെഹ്റയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിൽ ഒരാൾ ഷാരൂഖ് ഖാനെ അറിയുമോ” എന്ന് ചോദിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ “ദഗലോ നല്ലത്” എന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. ആർഎസ്‌എഫ് മേധാവിയാണ് മുഹമ്മദ് ഹംദാൻ ദഗലോ മൂസയാണ് ദഗലോ.
മൂന്ന് വർഷം മുൻപാണ് ആദർശ് സുഡാനിലേക്ക് പോയത്. സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറിയിൽ മെഷീൻ ഓപ്പറേറ്ററായാണ് ഭർത്താവ് ജോലി ചെയ്യുന്നതെന്ന് ഭാര്യ സുമിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. എട്ടും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട് ദമ്പതികൾക്ക്.















