ഹെൽസിങ്കി : മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് ഫിൻലൻഡിൽ ഊഷ്മളമായ വരവേൽപ്പ്. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഫിൻലൻഡിൽ എത്തിയതായിരുന്നു അമ്മ. കാത്തിരുന്ന അവിസ്മരണിയ മുഹൂർത്തം സമാഗതമായ ആവേശത്തിലായിരുന്നു ഫിൻലാൻഡുകാർ. തങ്ങളുടെ ദേശീയ പതാക ഹൃദയത്തിന്റെ ആകൃതിയിൽ മുറിച്ച് സ്നേഹവായ്പ്പോടെ അത് ഉയർത്തിയായിരുന്നു ആ നിമിഷത്തിൽ അവർ അമ്മയെ സ്വാഗതം ചെയ്തത്. രണ്ട് ദിവസം നീണ്ടു നിന്ന സന്ദർശനത്തിൽ ആയിരക്കണക്കിന് പേരാണ് അമ്മയെ കാണാനും പരിപാടിയിൽ പങ്കെടുക്കാനമായി ഫിൻലൻഡ് നഗരമായ എസ്പൂവിലെത്തിയത്.
യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫിൻലാൻഡിലെ എസ്പൂ നഗരത്തിലായിരുന്നു അമ്മ എത്തിയത്. ഫിന്നിഷ് പാർലമെന്റ് അംഗം വില്ലെ മെരിനെൻ, ഫിൻലൻഡിലെ ഇന്ത്യൻ സ്ഥാനപതി ഹേമന്ത് എച്ച്. കോട്ടൽവാർ, എസ്പൂ സിറ്റി ബോർഡ് ചെയർപേഴ്സൺ മെർവി കടൈനെൻ, ഫിൻലൻഡ്-ഇന്ത്യ സൊസൈറ്റി ചെയർപേഴ്സൺ ഷെഫാലി അറോറ തുടങ്ങിയവർ അമ്മയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ലോക സമാധാനത്തിനായും നമ്മുടെ ഭൂമിയുടെ സംരക്ഷണത്തിനായും അമ്മ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഫിൻലൻഡിലെ ഇന്ത്യൻ സ്ഥാനപതി ഹേമന്ത് എച്ച്. കോട്ടൽവാർ അഭിപ്രായപ്പെട്ടു. ഫിൻലാൻഡിലെ സ്നേഹം നിറഞ്ഞ ആ പ്രണാമം ഏറ്റുവാങ്ങി പരിപാടിയ്‌ക്ക് ശേഷം അമ്മ ഫ്രാൻസിലേക്ക് യാത്ര തിരിച്ചു.















