ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഐക്യദാർഢ്യം അറിയിച്ച ആദ്യ ലോകനേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശിക്കുന്ന ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“പ്രധാനമന്ത്രി മോദിയുടെ ശക്തമായ പിന്തുണ ഞങ്ങൾ ഓർക്കുന്നു. ഒക്ടോബർ 7 ന് ഹമാസ് കൂട്ടക്കൊലയ്ക്ക് ശേഷം പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച ആദ്യത്തെ ലോകനേതാവാണ് പ്രധാനമന്ത്രി മോദി. അദ്ദേഹം നൽകിയ പിന്തുണ ഞങ്ങൾ ഒരിക്കലും മറക്കില്ല” എന്ന് ഗിദിയൻ സർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള ഇന്ത്യ ഇന്ന് ഒരു ആഗോള സൂപ്പർ പവറാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ചും ഗിദിയൻ സർ വാചാലനായി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്.
ഗാസയിലെ ഹമാസിനെ പോലെ ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ തുടങ്ങിയ തീവ്ര തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കേണ്ടതുണ്ട്. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















