കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യരുത്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ മതനിയമങ്ങൾക്ക് മുകളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നിർണ്ണായക ഉത്തരവ്.
ഔദ്യോഗികമായി ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന നിർണ്ണായക നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ മത നിയമത്തിന് പ്രസ്കതിയില്ല. മുസ്ലിം വ്യക്തിനിയമപ്രകാരം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ട്. എന്നാൽ 2008-ലെ വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണം. ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഖുറാനും വ്യക്തിനിയമവും ബഹുഭാര്യത്വം അനുവദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ കരുമത്തൂർ മുഹമ്മദ് ഷരീഫ് (44), രണ്ടാംഭാര്യ കാസർകോട് പൊറവപ്പാട് ആബിദ (38) എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇവരുടെ ഹർജി കോടതി തള്ളി. 2017ലാണ് ഇവർ മതാചാരപ്രകാരം വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹബന്ധം നിലനിൽക്കേയാണ് യുവതി രണ്ടാമതും കല്യാണം കഴിച്ചത്. ഇത് ചൂണ്ടിക്കാട്ടി തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്‌ട്രേഷൻ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.















