കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആശംസകളുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. കൊടുവള്ളി ഉപജില്ലാ കലോത്സവവേദിയിലാണ് ഷുഹൈബിന്റെ ചിത്രമുള്ള പരസ്യബോർഡുകൾ സ്ഥാപിച്ചത്. ഏറെ വിവാദമായ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ പരസ്യബോർഡുകൾ സ്ഥാപിച്ചത് വിവാദമായതോടെ ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
നഗരസഭയുടെയോ സംഘാടകരുടെയോ അനുമതിയില്ലാതെയാണ് ബോർഡുകൾ സ്ഥാപിച്ചത്. തുടർന്നാണ് വിമർശനങ്ങൾ ഉയർന്നത്. കലാമാമാങ്കത്തിന് ആശംസകൾ, കലോത്സവ നഗരിയിലേക്ക് സ്വാഗതം എന്നിങ്ങനെ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചത്. കൊടുവള്ളി മാർക്കറ്റ് റോഡ് മുതൽ ഹൈസ്കൂൾ കവാടം വരെ 25 ഓളം ബോർഡുകളാണ് സ്ഥാപിച്ചത്.
നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കയ്യേറ്റം നടത്തി സ്ഥാപിച്ച ബോർഡുകൾക്ക് നഗരസഭയിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കൊടുവള്ളി നഗരസഭ അദ്ധ്യക്ഷൻ അബ്ദു വെള്ളറ വ്യക്തമാക്കി. കലോത്സവ കമ്മിറ്റിയുടെ പോലും അനുമതി വാങ്ങാതെയാണ് പ്രധാന വേദിയുടെ പരിസരത്ത് ബോർഡുകൾ വച്ചതെന്നാണ് പരാതി.















