എറണാകുളം: ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം. സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നിർദേശം നൽകിയത്. സ്വർണപ്പാളി കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയത് ആരാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഇടപെടൽ. നേരത്തെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് എസ്ഐടി സമർപ്പിച്ചിരുന്നു. ഇനി പുറത്തുവരേണ്ടത് ഗൂഢാലോചനയാണെന്നും പത്ത് ദിവസത്തിനുള്ളിൽ എന്ത് പുരോഗതിയാണ് ഉണ്ടായതെന്നും കോടതി ചോദിച്ചു.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസും മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ കത്തിടപാടുകളെ കുറിച്ചുള്ള റിപ്പോർട്ടാണ് ദേവസ്വം വിജിലൻസ് സമർപ്പിച്ചത്. എസ്ഐടി അന്വേഷണത്തിനാെപ്പം ദേവസ്വം വിജിലൻസും അന്വേഷണം നടത്തുകയാണ്.















