ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 12 തീർത്ഥാടകരെ തടഞ്ഞുവച്ചു. ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സിഖ് ജാഥയിൽ പങ്കെടുത്ത 12 ഹൈന്ദവരെയാണ് തടഞ്ഞത്. ഇന്ത്യ-പാക് വാഗ അതിർത്തിയിൽ വച്ചാണ് തീർത്ഥാടകരെ തടയുകയും തിരിച്ചയയ്‌ക്കുകയും ചെയ്തത്.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനിലേക്കുള്ള ആദ്യ തീർത്ഥാടനമായിരുന്നുയിത്. ഹൈന്ദവ- സിഖ് സമുദായത്തിനെതിരെ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് തീർത്ഥാടകർ പ്രതികരിച്ചു. തീർത്ഥാടകരിൽ സിഖുകാരെ മാത്രം കടത്തിവിടുകയും ഹൈന്ദവരെ തടഞ്ഞുവയ്‌ക്കുകയും ചെയ്തതായാണ് പരാതി.
പാക് അധികാരികളുടെ നടപടി ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. വിവേചനപരമായ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്. വാഗ അതിർത്തിയിൽവച്ച് നങ്കന സാഹിബിലേക്കുള്ള പ്രത്യേക ബസിൽ കയറുന്നതിനിടെയാണ് സംഭവം. സിഖുകാരെയും ഹൈന്ദവരെയും വേർതിരിച്ചുനിർത്തിയായിരുന്നു ഇത്തരമൊരു നടപടി.
തീർത്ഥാടകരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് ഹൈന്ദവരെ തടഞ്ഞുവച്ചത്. നിങ്ങൾ ഹിന്ദുവാണെന്നും സിഖ് ജാഥയുമായി പോകാൻ കഴിയില്ലെന്നും പാക് ഉദ്യോഗസ്ഥർ തീർത്ഥാടകരോട് പറഞ്ഞയായാണ് വിവരം. തുടർന്ന് തീർത്ഥാടകരെ തിരിച്ചയയ്‌ക്കുകയായിരുന്നു. ലഖ്നൗവിൽ നിന്നുപോയ ഏഴംഗ തീർത്ഥാടകസംഘത്തെയും തിരിച്ചയച്ചിരുന്നു.















