കോഴിക്കോട്: വേദവിചാരവും വാക്യാര്‍ത്ഥ സദസും പാരമ്പര്യാനുസാരിയായ വൈദിക കര്‍മങ്ങളും പിന്തുടര്‍ന്ന് രേവതി പട്ടത്താന സദസ്സ്. കൃഷ്ണഗീതി പുരസ്‌കാരം, കൃഷ്ണനാട്ട കലാകാര പുരസ്‌കാരം, മനോരമ തമ്പുരാട്ടി പുരസ്‌കാരം എന്നിവ സമര്‍പ്പിച്ച ചടങ്ങുകള്‍ക്ക് ശേഷം കൃഷ്ണനാട്ടവും കൈകൊട്ടിക്കളിയും അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ പി.കെ. കേരളവര്‍മ്മ സാമൂതിരിപ്പാട് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജിലെ ജ്യോതിഷ വിഭാഗം അധ്യക്ഷന്‍ ഡോ. ഇ.എന്‍. ഈശ്വരന്‍ സാമൂതിരിപ്പാട് മനോരമ തമ്പുരാട്ടി പുരസ്‌കാരം ഏറ്റുവാങ്ങി.
വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് കൃഷ്ണഗീതി പുരസ്‌കാരം നല്‍കി. കൃഷ്ണനാട്ട കലാകാരന്‍ കെ. സുകുമാരന്‍ കൃഷ്ണനാട്ട കലാകാരപുരസ്‌കാരം ഏറ്റുവാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ. സര്‍വ്വോത്തമന്‍ നെടുങ്ങാടി, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പി. ബാലകൃഷ്ണന്‍, പി.കെ. പ്രദീപ്കുമാര്‍ രാജ എന്നിവര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പി.കെ. കൃഷ്ണനുണ്ണി രാജ, പി.സി. ബിജുരാജ്, എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍, കെ. സുകുമാരന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സംസ്‌കൃതഭാരതിയുമായി സഹകരിച്ച് നടത്തിയ സംസ്‌കൃത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. ഡോ. പി.കെ. മാധവന്‍, ഡോ. എ.ആര്‍.ശ്രീകൃഷ്ണന്‍, ഡോ. അജികുമാര്‍, ഡോ. ആര്‍. പ്രതിഭ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
തളി മഹാക്ഷേത്രത്തില്‍ മൂന്നിന് യജുര്‍വേദ അര്‍ച്ചനയോടെയായിരുന്നു തുടക്കം. ഇന്നലെ രേവതി നാളില്‍ മൂന്ന് വേദങ്ങളിലും മുറജപവും ഉദ്യാസ്തമനപൂജയും നടന്നു. പട്ടത്താന സദസ്സ് നടക്കുന്ന വാതില്‍മാടത്തില്‍ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദ പണ്ഡിതന്‍ പി.ഡി. ദാമോദരന്‍ നമ്പൂതിരിക്ക് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിച്ചു.















